വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയും ഇറാനും തമ്മിൽ അടുത്ത ആഴ്ച വീണ്ടും ചർച്ചകൾ നടന്നേക്കുമെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദേശം നൽകി.
ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാൻ തയാറാണെന്ന സമാധാന നിർദേശമാണ് ഇറാൻ യുഎസിന് മുന്നിൽവച്ചത്. പകരം എണ്ണ കയറ്റുമതിയുടെയും നാവിക തുറമുഖങ്ങളുടെയും മേലുള്ള ഉപരോധം നീക്കണമെന്ന് ഇറാന് ആവശ്യപ്പെട്ടു. എന്നാൽ ഇതിനെ "അനാവശ്യ വിലപേശൽ" എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ഹോർമുസ് കടലിടുക്ക് മുൻനിർത്തിയുള്ള വിലപേശൽ അംഗീകരിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇരു വിഭാഗങ്ങൾക്കുമിടയിൽ മധ്യസ്ഥ ശ്രമങ്ങൾ തുടരുന്നുണ്ട്. ഇറാനു മേൽ വീണ്ടും സൈനിക ആക്രമണങ്ങൾ നടത്താൻ ആലോചിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ആ കാര്യം താൻ എപ്പോഴും ചിന്തിക്കുന്നുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി.